പ്രതിഭാസമ്പന്നരായ ഒരുകൂട്ടം സംവിധായകർക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞു എന്നതാണ് താൻ ഉൾപ്പെടുന്ന തലമുറയുടെ സൗഭാഗ്യമെന്ന് മോഹൻലാൽ. ഐ വി ശശിയെ പോലുള്ള മുഖ്യധാരാ സംവിധായകരുടെ സിനിമകളിലും ഭരതൻ, പദ്മരാജൻ എന്നിവരുടേത് പോലുള്ള സമാന്തര സിനിമകളിലും ഒരേസമയം അഭിനയിക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ കരിയറിന്റെ വളർച്ചയ്ക്ക് ശക്തി നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. പദ്മരാജന് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചലച്ചിത്ര/സാഹിത്യ അവാര്‍ഡുകളുടെ സമര്‍പ്പണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘ഞാനും മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം എന്തെന്നാൽ അസാമാന്യ പ്രതിഭാശാലികളോടൊത്ത് പ്രവർത്തിക്കാനായി എന്നതാണ് ഞങ്ങളെ ഇന്ന് കാണുന്ന ഞങ്ങൾ ആക്കി മാറ്റിയത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഐ വി ശശി സാറിന്റെയും മറ്റും മുഖ്യധാരാ സിനിമകളിലും ഭരതേട്ടന്റെയും ഞങ്ങളുടെ പപ്പേട്ടന്റെയും പോലുള്ള സമാന്തര സിനിമകളിലും ഒരേസമയം അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ കരിയറിനെ ശാക്തീകരിച്ചത്,’ എന്ന് മോഹൻലാൽ പറഞ്ഞു.
അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസും സത്യന് അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.




