കര്‍ണാടകയില്‍ കമല്ഹാസന് ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്ഹാസന് പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന് പരിപാടിക്കിടെയാണ് കമല്ഹാസന് കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി. കന്നഡയുടെ പാരമ്പര്യവും ചരിത്രവും അറിയാതെയാണ് കമല്‍ ഹാസന് സംസാരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ ഉദ്ദേശിച്ച അര്‍ഥത്തിലല്ല തന്റെ പ്രസ്താവനയെച്ചൊല്ലി ചര്‍ച്ചകളുണ്ടായതെന്ന് തിരുവനന്തപുരത്ത് എത്തിയ വേളയില്‍ കമല്‍ ഹാസന് വിശദീകരിച്ചിരുന്നു.
കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.