MalayalamNews

‘ഹാർഡ് ഡിസ്ക്’ വിവാദം; ഒടുവിൽ ഒരുവർഷത്തിനിപ്പുറം ലാൽസലാം ഒടിടിയിലേക്ക്?

കഴിഞ്ഞ വർഷത്തെ കോളിവുഡിലെ ആദ്യ വമ്പൻ റിലീസായിരുന്നു ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലെത്തിയ ലാൽ സലാം. വിഷ്ണു വിശാൽ നായകനായ സിനിമയിൽ രജനികാന്തും ഒരു എക്സറ്റൻഡഡ്‌ കാമിയോ വേഷത്തിലെത്തിയിരുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന സിനിമയുടെ സ്ട്രീമിങ് സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉണ്ടായി. ഇപ്പോൾ ഒരു വർഷത്തിനിപ്പുറം സിനിമ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ജൂൺ ആറ് മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സൺ നെക്സ്റ്റിലൂടെയാകും സിനിമയുടെ സ്ട്രീമിങ് എന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. 2024 ഫെബ്രുവരിയിലായിരുന്നു സ്പോർട്സ് ഡ്രാമ വിഭാഗത്തിലുള്ള ലാൽസലാം തിയേറ്ററുകളിലെത്തിയത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമ പരാജയമായിരുന്നു ഏറ്റുവാങ്ങിയതും. പിന്നാലെ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് അനശ്ചിതത്വവും വന്നു. 2024 മാർച്ച് മാസം ഒടിടിയിലെത്തുമെന്ന് പറയപ്പെട്ടിരുന്ന സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് പ്രതിസന്ധിയിലായി മാറി.

ഇതിനിടെ ഒരു അഭിമുഖത്തിൽ സിനിമയുടെ 21 ദിവസത്തെ ഫൂട്ടേജുകൾ നഷ്ടമായതായും അത് സിനിമയെ ബാധിച്ചുവെന്നും ഐശ്വര്യ പറഞ്ഞതും വാർത്തകളിൽ ഇടം നേടിയിരുന്നു. 21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജാണ് നഷ്ടമായതെന്നും ഹാർഡ് ഡിസ്ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ് എന്നുമാണ് ഐശ്വര്യ ഒരഭിമുഖത്തിൽ പറഞ്ഞത്. ‘വളരെ ദൗർഭാഗ്യകരമായിപ്പോയി അത്. ഞങ്ങളുടെ ഷൂട്ടിങ് കണ്ടവർക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടാവും. യൂണിറ്റ് എന്ന് പറഞ്ഞാല് 1000 മുതല് 2000 വരെ ആളുകൾ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാർഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ ബജറ്റ് മുകളിലേക്ക് പോയതിനാൽ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങൾ അത് ചിത്രീകരിച്ചത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു.

എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അപ്പോഴേക്കും വിഷ്ണു വിശാൽ, അച്ഛൻ, സെന്തിൽ അയ്യ എല്ലാവരും ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വർഷം താടി വളർത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോൾ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ഗെറ്റപ്പ് മാറ്റി. റീ ഷൂട്ട് സാധ്യമല്ലായിരുന്നു. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാൽ അച്ഛനും വിഷ്ണുവും ഉൾപ്പെടെയുള്ള അഭിനേതാക്കൾ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. ചില പാച്ച് ഷോട്ടുകൾ മാത്രം വീണ്ടും എടുത്തു. പക്ഷേ ചിത്രത്തിലൂടെ എന്താണോ പറയാൻ ശ്രമിച്ചത് അത് എനിക്ക് കാണിക്കാൻ സാധിച്ചില്ല’, എന്നായിരുന്നു ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button