ഹോളിവുഡ് ചിത്രം ഫൈനൽ ഡെസ്റ്റിനേഷൻ പ്രദർശനത്തിനിടെ തിയേറ്ററിന്റെ മേൽക്കൂര തകർന്ന് വീണ് യുവതിക്ക് പരിക്ക്. അർജന്റീനയിലെ ലാ പ്ലാറ്റയിലെ സിനിമ ഒക്കോ എന്ന തിയേറ്ററിന്റെ മേൽക്കൂരയാണ് പ്രദർശനത്തിനിടെ തകർന്നുവീണത്. ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഫിയാമ്മ വില്ലവെർഡെ എന്ന യുവതിയുടെ ദേഹത്തേക്കാണ് മേൽക്കൂര പതിച്ചത്. സീലിംഗിൽ നിന്നുള്ള ഒരു പാനൽ അവരുടെ കാൽമുട്ടിന് മുകളിൽ വീണു. പരിക്കേറ്റതിനെ തുടര്ന്ന് അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വില്ലാവെർഡെ തിങ്കളാഴ്ച തന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ആദ്യം സിനിമ കാണാൻ പദ്ധതിയൊന്നുമില്ലായിരുന്നുവെന്നും എന്നാൽ ടിക്കറ്റുകൾക്ക് വിലകുറഞ്ഞതിനാൽ സിനിമ കാണാന് തീരുമാനിക്കുകയുമായിരുന്നു. 11 വയസ്സുള്ള മകളും ഒരു സുഹൃത്തും വില്ലാവെർഡെയ്ക്ക് ഒപ്പമുണ്ടായിരുന്നു. സിനിമ ഏതാണ്ട് പൂർത്തിയാകാറായപ്പോൾ തിയേറ്ററിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ‘ശരിക്കും ഉച്ചത്തിലുള്ള ഒരു ശബ്ദം ആദ്യം, ഉണ്ടായി. ഞങ്ങൾ സിനിമയിൽ വളരെ മുഴുകിയിരുന്നതിനാൽ ഇത് സിനിമയുടെ ഭാഗമാണെന്ന് കരുതി. പക്ഷേ പിന്നീട് ഒരു വലിയ ഭാഗം എന്റെ മേൽ വീണു,’ ഫിയാമ്മ വില്ലവെർഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിയേറ്റർ മാനേജ്മെന്റ് സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതായും വില്ലവെർഡെ പങ്കുവെച്ചു. ഈ സംഭവം കാരണം തനിക്ക് കുറച്ച് ദിവസത്തെ ജോലി നഷ്ടപ്പെടാൻ കാരണമായി എന്നും അവർ പ്രതികരിച്ചു. താൻ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും എന്നാൽ ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വില്ലാവെർഡെ പറഞ്ഞു.ഒരു ഹൊറർ ഫ്രാൻഞ്ചൈസ് ആയി ഒരുങ്ങിയ സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയത് ആറ് സിനിമകളാണ്. 2000 ലാണ് ആദ്യത്തെ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമ പുറത്തിറങ്ങുന്നത്. തുടർന്നെത്തിയ സിനിമകളൊക്കെ വലിയ വിജയങ്ങളായിരുന്നു. ഈ ഫ്രാൻഞ്ചൈസിലെ ഏഴാമത്തെ ചിത്രമായ ‘ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈന്സ്’ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.