മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിലെ മോഹൻലാൽ – ശോഭന കോംബോ സീനുകൾ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ മോഹൻലാലും ശോഭനയും ഉൾപ്പെടുന്ന ഒരു സീനിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
ഒരു ബാത്റൂമിന് മുന്നിലുള്ള സീൻ തരുൺ മൂർത്തി മോഹൻലാലിനും ശോഭനയ്ക്കും വിവരിച്ച് കൊടുക്കുന്നതും തുടർന്ന് ആ സീൻ ഇരുവരും അഭിനയിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. മികച്ച അഭിപ്രായങ്ങളാണ് ഈ മേക്കിങ് വീഡിയോക്ക് താഴെ വരുന്നത്. ‘കാണുമ്പോൾ അയ്യേ ഇത്രേം ഉള്ളോ ഇത് സിമ്പിൾ അല്ലെ എന്ന് തോന്നും വേറൊന്നും കൊണ്ടല്ല ചെയ്തു കാണിച്ചത് ലാലേട്ടനും ശോഭനയും ആയത് കൊണ്ടാണ്’, എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്. ‘പടത്തിൽ ഒരു പാട്ടിന് ഇടക്ക് നിമിഷ നേരം കൊണ്ട് വന്ന് പോകുന്ന ചെറിയ ഒരു സീൻ..അത് പോലും എത്ര ഡീറ്റൈൽഡ് ആയിട്ട് ആണ് തരുൺ പറഞ്ഞു കൊടുക്കുന്നതും അത് സിമ്പിൾ ആയി ലാലേട്ടനും ശോഭനയും ചെയ്യുന്നതും’, എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.
അതേസമയം, ചിത്രം കേരളത്തിൽ നിന്ന് ഇതുവരെ 114 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.