ബിഗ് ഡൗഗ്സ്, റൺ ഇറ്റ് അപ്പ് തുടങ്ങിയ ആല്‍ബങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ അമേരിക്കൻ-മലയാളി റാപ്പർ ഹനുമാൻ കൈൻഡ് ദളപതി വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന പെരുമയുമായി റിലീസിനൊരുങ്ങുന്ന ‘ജനനായകനി’ൽ ഒരു ഗാനം ആലപിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് അറിവ് ആണെന്നാണ് റിപ്പോർട്ടുകൾ.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് വിജയ്യുടെ നായികയാകുന്നത്. വിജയ്ക്ക് വേണ്ടി അനിരുദ്ധ് സംഗീതം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ജനനായകൻ. ജനനായകനിൽ ഹനുമാൻ കൈൻഡിനെ കൂടാതെ തമിഴിലെ ശ്രദ്ധേയ റാപ്പറായ അസൽ കോളാറും ഒരു റാപ്പ് ഗാനം ആലപിക്കുന്നുണ്ട്.
വിജയ്യുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലിയോയിലെ ‘നാൻ റെഡി’ എന്ന ഗാനത്തിലും വിജയ്ക്കൊപ്പം, അസൽ കോളർ പാടിയിട്ടുണ്ട്. നിലവിൽ ജനനായകന്റെ ക്ലൈമാക്സ് രംഗങ്ങൾ കൊടൈക്കനാലിൽ വെച്ച് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. വിജയ്യും സംഘവും കൊടൈക്കനാലിലുള്ള ഹിൽ സ്റ്റേഷനിൽ താമസിച്ച് ചിത്രത്തിൽ സഹകരിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നത് വിജയ്യുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിനുള്ള ക്യാംപെയിനായും ചിത്രം ഉപയോഗിക്കാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് വിജയ്യുടെ രാഷ്ട്രീയ പ്രതിയോഗികളായ എം.കെ സ്റ്റാലിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള സൺ ഗ്രൂപ്പാണെന്നതും ശ്രദ്ധേയമാണ്.