മരണമാസ്സ് സിനിമയില്‍ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ജിക്കുവിന്റെ പ്രതിശ്രുതവധുവിന്റെ ശബ്ദവും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സ്‌ക്രീനില്‍ വന്നപ്പോള്‍ തിയേറ്ററില്‍ മുഴുവന്‍ വലിയ ചിരിയാണ് ഉയര്‍ന്നത്. അടുത്ത കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരാളാണ് ശബ്ദമായി മരണമാസ്സില്‍ പ്രത്യക്ഷപ്പെട്ടത്. നാഗസൈരന്ത്രി ദേവി എന്ന പ്രൊഫൈലിലൂടെ ചര്‍ച്ചയായ വ്യക്തിയായിരുന്നു ഇത്.
ഇപ്പോള്‍ ഇവരെ കാസ്റ്റ് ചെയ്തത് എങ്ങനെയെന്ന് പറയുകയാണ് സംവിധായകന്‍ ശിവപ്രസാദും നടനും തിരക്കഥാകൃത്തുമായ സിജു സണ്ണിയും. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ്ങിനെ കുറിച്ച് ഇവര്‍ സംസാരിച്ചത്.
നാഗസൈരന്ത്രി ദേവിയുടെ ഫോണ്‍ നമ്പര്‍ ലഭ്യമല്ലായിരുന്നതിനാല്‍ കോണ്‍ടാക്ട് ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്ന് ഇരുവരും പറഞ്ഞു.’ഇവരുടെ വീഡിയോസ് എപ്പോഴും കാണാറുണ്ട്. അങ്ങനെയാണ് സിനിമയിലേക്ക് ആലോചിക്കുന്നത്. പ്രൊഡക്ഷന്‍ ടീമിനോട് പറഞ്ഞപ്പോള്‍ അവര്‍ക്കും ഓക്കെ ആയിരുന്നു. പക്ഷെ ഇവരെ കോണ്‍ടാക്ട് ചെയ്യാനായിരുന്നു ബുദ്ധിമുട്ട്. നമ്പര്‍ ഇല്ലായിരുന്നു. പിന്നീട് പല ആളുകള്‍ വഴി നമ്പര്‍ സംഘടിപ്പിച്ച് അപ്പോയ്ന്‍മെന്റ് എടുത്ത് കാണാന്‍ പോയി. അവരോട് റോളിനെ കുറിച്ച് സംസാരിച്ചു. അവരുടെ വീട്ടില്‍ വെച്ച് തന്നെയാണ് ഡയലോഗ് എടുത്തത്,’ സിജു സണ്ണി പറഞ്ഞു.
ജിക്കുവിന്റെ വധുവിനെ സ്‌ക്രീനില്‍ കാണിക്കാന്‍ പ്ലാന്‍ ഇല്ലായിരുന്നു എന്നും സിജു പറഞ്ഞു. ജിക്കുവിനെ കല്യാണം കഴിയ്ക്കാന്‍ പോകുന്ന ഒരു പെണ്ണുണ്ട്, അവരുടെ ശബ്ദം സിനിമയില്‍ ഉടനീളം ഉണ്ടാകും എന്നതാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നതെന്ന് സിജു വ്യക്തമാക്കി. സിനിമ റിലീസിന് ശേഷം നാഗസൈരന്ത്രി ദേവിയെ കോണ്‍ടാക്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും സിനിമ കണ്ട ശേഷമുള്ള അവരുടെ അഭിപ്രായം അറിയാന്‍ ഏറെ ആഗ്രഹമുണ്ടെന്നും സംവിധായകന്‍ ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.