അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഗംഭീര അഡ്വാൻസ് ബുക്കിങ്ങ് ആണ് സിനിമയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും ലഭിക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്ന് ഇതുവരെ ഗുഡ് ബാഡ് അഗ്ലി അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് നേടിയത് 13.62 കോടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 16.04 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ പ്രീ സെയിൽ നേട്ടം. പിവിആർ ഐനോക്‌സ് സ്‌ക്രീനുകളിൽ നിന്നുമാത്രം ചിത്രമിതുവരെ രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും തരക്കേടില്ലാത്ത ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രാവിലെ 9 മണി മുതലാണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കുന്നത്. ആഗോള തലത്തിലും ആദ്യ ദിനം സിനിമയ്ക്ക് വലിയ നേട്ടം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
രണ്ട് മണിക്കൂറും 20 മിനിറ്റുമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. ചിത്രത്തിൽ ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.