Interview

പ്രതിഫലമില്ലാതെയാണ് പാടിയതെന്ന് നേഹ കക്കർ, പ്രതികരിക്കും മുൻപ് രണ്ട് വശങ്ങളും അറിയണമെന്ന് ഭർത്താവ്

മെൽബണിലെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഗായിക നേഹ കക്കറിനെ പിന്തുണച്ച് ഗായകനും നേഹയുടെ ജീവിതപങ്കാളിയുമായ രോഹൻപ്രീത് സിങ്. സംഗീതപരിപാടിക്കായി എത്തിയ നേഹയ്ക്കും മറ്റ് സംഘാംഗങ്ങൾക്കും താമസസൗകര്യം, ഭക്ഷണം, കുടിവെള്ളം, വാഹനസൗകര്യം എന്നിങ്ങനെ യാതൊന്നും ഏർപ്പാടാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി സംഘാടകരെ രോഹൻ വിമർശിച്ചു. ഇത്രയേറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടും പരിപാടിക്കായി വേദിയിലെത്തിയ തന്റെ ഭാര്യയോടും സംഘത്തോടും ബഹുമാനം തോന്നുന്നുവെന്ന് രോഹൻ പറഞ്ഞു. വിമർശിക്കുന്നതിനു മുമ്പ് ഒരു സംഭവത്തിന്റെ ഇരുവശങ്ങളും ആളുകള്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ നേഹ കക്കറും പ്രതികരണം അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ രോഹൻ എങ്ങനെയാണ് തനിക്കൊപ്പം നിന്നതെന്നും നേഹ വിശദീകരിച്ചു.

‘മെല്‍ബണില്‍ കാണികൾക്കു മുമ്പാകെ സൗജന്യമായാണ് ഞാന്‍ പെര്‍ഫോം ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ? സംഘാടകര്‍ എന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞു. എന്റെ ബാന്‍ഡിലുള്ളവര്‍ക്ക് ഹോട്ടലോ ഭക്ഷണമോ വെള്ളമോ നല്‍കിയില്ല. എന്റെ ഭര്‍ത്താവും കൂടെയുള്ളവരുമാണ് അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തത്. സംഘാടകര്‍ എന്റെ മാനേജറുടെ ഫോൺ കോളുകളൊന്നും എടുത്തില്ല. അവരും സ്‌പോണ്‍സര്‍മാരും എല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. ഇത്രയുമൊക്കെ സംഭവിച്ചിട്ടും വിശ്രമം പോലുമില്ലാതെ ഞങ്ങള്‍ സ്റ്റേജിലെത്തി. കാരണം, എന്റെ ആരാധകര്‍ മണിക്കൂറുകളായി അവിടെ കാത്തുനില്‍ക്കുകയായിരുന്നു’, നേഹ കക്കർ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു മെൽബണിലെ സംഭവം. സംഗീതപരിപാടിക്കെത്തിയ നേഹ കക്കർ, വൈകി വന്നതിന് കാണികളോടു മാപ്പ് പറഞ്ഞ് വികാരാധീനയായി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം വലിയ ചർച്ചയാവുകയായിരുന്നു. ഇതെല്ലാം നേഹയുടെ വെറും അഭിനയമാണെന്നു കുറ്റപ്പെടുത്തി നിരവധി പേർ രംഗത്തെത്തി. പിന്നാലെയാണ് വിശദീകരണവുമായി നേഹയും രോഹനും എത്തിയത്. ഗായികയുടെ സഹോദരനും ഗായകനുമായ ടോണി കക്കറും നേഹയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button