സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ഇപ്പോൾ കോളിവുഡിലെ കൂലിയാണ്. ലോകേഷ് കനകരാജിൻെറ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലും എത്തുന്ന കൂലിയ്ക്ക് മേൽ അത്രമേൽ പ്രതീക്ഷയാണ് ആരാധകർ വെച്ചിരിക്കുന്നത്. സിനിമയോട് അനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളും പ്രമോഷൻ പരിപാടികളും എല്ലാം തന്നെ ട്രെൻഡിങ് ആണ്.
ഇപ്പോഴിതാ കൂലിയുടെ റിലീസിന് മുന്നോടിയായി തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുകയാണ് അനിരുദ്ധ്. നേരത്തെ ലോകേഷ് ദർശനത്തിനെത്തിയ വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. പുത്തൻ സിനിമകളുടെ റിലീസിന് മുന്നോടിയായി താരങ്ങളും സംവിധായകരും ക്ഷേത്ര ദർശനം നടത്തിയിരുന്ന വിഡിയോ മുൻപും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. കൂലി വൻ വിജയമായി തീരട്ടെ എന്നാണ് വീഡിയോയുടെ താഴെ ആരാധകരുടെ കമന്റുകൾ. നാളെയാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം വമ്പൻ മുന്നേറ്റമാണ് നടത്തുന്നത്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.