ചില സിനിമകൾ കാണുമ്പോൾ നാമറിയാതെ കണ്ണ് നിറയും, ഉള്ളൊന്ന് പിടയും. അത്തരം ഒരനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ് അർജുൻ അശോകൻ നായകനായി ഇന്ന് തിയേറ്ററുകളിൽ എത്തിയ ‘തലവര’ എന്ന ചിത്രം. നെഞ്ചിൽ തൊടുന്ന അഭിനയമാണ് ചിത്രത്തിൽ അർജുൻ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് അഭിപ്രായം. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ചിത്രം കണ്ട ശേഷം നിറകണ്ണുകളോടെ ഇറങ്ങുന്ന അർജുൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് അഭിപ്രായം.
ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.
പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.
അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ട്. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.