സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കുന്നതിനായി നടൻ സൂര്യയുടെ നേതൃത്വത്തിൽ രൂപം കൊണ്ട അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാർഷികം ചെന്നൈയിൽ വെച്ച് നടന്നു. ചടങ്ങിൽ ഉലക്ക നായകൻ കമൽ ഹാസൻ, സംവിധായകൻ വെട്രിമാരൻ, നിർമ്മാതാവ് കലൈപുലി എസ് താണു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ഒപ്പം സൂര്യയുടെ ഭാര്യ ജ്യോതിക, സഹോദരൻ കാർത്തി, അച്ഛൻ ശിവകുമാർ എന്നിവർ അടങ്ങുന്ന കുടുംബവും പങ്കെടുത്തു. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ സഹായം ലാഭമായതിനാൽ മാത്രം ഉന്നത പഠനം പൂർത്തിയാക്കി ഉന്നത ഉദ്യോഗങ്ങളിൽ പ്രവേശിച്ച പൂർവ വിദ്യാർത്ഥികളുടെ പ്രസംഗമായിരുന്നു ചടങ്ങിലെ ഹൈലൈറ്റ്.
“15 വർഷ കാലയളവിൽ 8000 ത്തിൽ അധികം കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമുണ്ട്” പലരും പഠിച്ച് മുന്നേറി നല്ല നിലയിലെത്തി എന്നെ കാണാൻ വരാറുണ്ട്. അപ്പോൾ തോന്നുന്ന സന്തോഷം എന്റെ സിനിമകളുടെ വിജയങ്ങൾ നൽകിയ സന്തോഷത്തേക്കാളൊക്കെ എത്രയോ മടങ്ങ് വലുതാണ്” സൂര്യ പറഞ്ഞു. ചടങ്ങിൽ സുര്യയെയും അഗരം ഫൗണ്ടേഷന്റെ പിറകിൽ പ്രവർത്തിക്കുന്നവരെയും പ്രശംസിച്ച് കമൽ ഹാസൻ നടത്തിയ പ്രസംഗത്തിൽ ‘നീറ്റ് പരീക്ഷ’യെ നിശിതമായി അദ്ദേഹം വിമർശിച്ചു. എല്ലാ പ്രശ്നങ്ങളെയും എതിർക്കാനുള്ള ഏക ആയുധം വിദ്യാഭ്യാസമാണ്, അതല്ലാതെ മറ്റൊന്നും കയ്യിലെടുക്കരുത് എന്ന് കമൽ ഹാസൻ പറഞ്ഞു.