ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ രജനികാന്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. വീഡിയോയിൽ അദ്ദേഹം ആരാധകരെ കൈ വീശി അഭിവാദ്യം ചെയ്യുന്നതും ആരാധകർ തലൈവ എന്ന് വിളിക്കുന്നതും കാണാൻ സാധിക്കും. ഓടുന്ന കാറിൽ നിന്ന് ആയിരുന്നു അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അട്ടപ്പാടിയിൽ രജനീകാന്ത് ‘ജയിലർ 2’ ന്റെ ഷൂട്ടിംഗിലാണ്. നടന്നുകൊണ്ടിരിക്കുന്ന ഷെഡ്യൂൾ ഏകദേശം 20 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷ.
വെളുത്ത കുർത്തയും ധോത്തിയും ധരിച്ചാണ് വിഡിയോയിൽ അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്. ഏപ്രിൽ 11 ന് ആണ് ‘ജയിലർ 2’ ന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ രജനീകാന്ത് കേരളത്തിൽ എത്തിയത്. സഹതാരങ്ങളായ രമ്യ കൃഷ്ണനും മിർണ മേനോനും തുടർന്നുള്ള ഷെഡ്യൂളിൽ എത്തിയിരുന്നു.
പൊങ്കലിനോടനുബന്ധിച്ച് ജനുവരി 14 ന് ‘ജയിലർ 2’ ന്റെ നിർമ്മാതാക്കൾ പ്രമോ പങ്കുവച്ചിരുന്നു. ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചെങ്കിലും, കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ രണ്ടാം ഭാഗത്തിലും തന്റെ വേഷം അവതരിപ്പിക്കുമെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിൽ, ശിവ രാജ്കുമാർ ഒരു തകർപ്പൻ അതിഥി വേഷം ചെയ്തു, ഇത് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു. ഇനി അതിഥി വേഷങ്ങളിൽ അഭിനയിച്ച മോഹൻലാലും ജാക്കി ഷ്രോഫും രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. സൺ പിക്ചേഴ്സാണ് ‘ജയിലർ 2’ എന്ന വമ്പൻ ബജറ്റിൽ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗം ലോകമെമ്പാടുമായി 600 കോടി രൂപ കളക്ഷൻ നേടിയിരുന്നു.