നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്‌റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്റർടെയ്‌നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിർഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്.
മനോഹരമായ ഒരുപിടി ഗാനങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിർഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ ആർ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ.