ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ’ ലോക – ചാപ്റ്റർ വൺ:ചന്ദ്ര’യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഓഗസ്റ്റ് 28 ന് ചിത്രം തീയറ്ററുകളിലെത്തും. കല്യാണി പ്രിയദർശൻ, നസ്ലെൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന ഫീലാണ് ട്രെയ്‌ലർ നൽകുന്നത്.
ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും ട്രെയ്‌ലറിനെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന കഥാപാത്രമായി കല്യാണി പ്രിയദർശനും ,’സണ്ണിയായി’ നസ്ലെനും ചിത്രത്തിലെത്തുന്നു. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
നേരത്തെ പുറത്തു വന്ന ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ‘തനി ലോക മുറക്കാരി’ എന്ന പ്രോമോ ഗാനം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേരിടിയിരുന്നു. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരുമാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും പ്രദർശനത്തിന് എത്തും.ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ.