നടിയും അവതാരകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരാകുന്നു എന്ന സന്തോഷ വാർത്ത കഴിഞ്ഞ ദിവസം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.
‘ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം’ എന്ന കുറിപ്പോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചത്. “ഞങ്ങളും ഞങ്ങളുടെ മകളും ഞങ്ങളുടെ പ്രിയപ്പെട്ടവരുമെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ മാതിയാകില്ല. മരിക്കുന്നതുവരെ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മയായിരിക്കും ഇത്,’ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആര്യ കുറിച്ചു.
‘നല്ല സുഹൃത്തുക്കളിൽ നിന്നും ജീവിതപങ്കാളിയിലേക്ക്…’ എന്ന കുറിപ്പിനൊപ്പമായിരുന്നു വിവാഹിതരാകുന്നു എന്ന വിവരം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. “ഒരു ലളിതമായ ചോദ്യത്തിലൂടെയും ജീവിതത്തിൽ ഇതുവരെ ഞാനെടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി. നിസ്സംശയമായും എനിക്ക് സംഭവിച്ച ഏറ്റവും മികച്ച, ഒട്ടും ആസൂത്രണം ചെയ്യാത്ത കാര്യമാണിത്… ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും… നല്ലതിലും ചീത്തതിലും.
പക്ഷേ ജീവിതകാലം മുഴുവൻ നമ്മൾ പരസ്പരം ഒന്നിച്ചു ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! എന്റെ ഏറ്റവും വലിയ പിന്തുണയായതിന് നന്ദി, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാൻ സമാധാനപരമായി ചാരി നിൽക്കുന്ന തോളായി മാറിയതിന്.. ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്.. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായതിന്.. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി കല്ലുപോലെ നിന്നതിന്.. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു.. എന്റെ ഹൃദയവും മനസ്സും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ ആനന്ദം കണ്ടെത്തി.. നിങ്ങളുടെ കൈകളിൽ ഞാൻ എന്റെ വീട് കണ്ടെത്തി,” ആര്യ കുറിച്ചു.