സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് എ ആർ മുരുഗദോസ്.
ചിത്രത്തിന്റെ കഥ തനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു എന്നും പക്ഷെ അത് നന്നായി എക്സിക്യൂട്ട് ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും മുരുഗദോസ് പറഞ്ഞു. ‘സിക്കന്ദറിന്റെ ബേസ് കഥ എനിക്ക് വളരെ ഇഷ്ടമായിരുന്ന മനസ്സിനോട് ചേർന്ന് നിന്ന ഒന്നാണ്. സിനിമയുടെ വൺ ലൈൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു പക്ഷെ എനിക്ക് അത് നന്നായി എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ അതിന് ഉത്തരവാദി ഞാൻ മാത്രമല്ല’, മുരുഗദോസിന്റെ വാക്കുകൾ. ഹിന്ദി സിനിമകൾ ചെയ്യുമ്പോൾ പ്രതിബന്ധം അനുഭവപ്പെടാറുണ്ടെന്നും മുരുഗദോസ് നേരത്തെ പറഞ്ഞിരുന്നു.
‘നമ്മുടെ മാതൃഭാഷയിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് നമുക്കൊരു ബലം നൽകും. കാരണം നമുക്ക് ഇപ്പോഴത്തെ ട്രെൻഡിനെക്കുറിച്ചും എന്താണ് നടക്കുന്നതെന്നും പൂർണമായും അറിയാമായിരിക്കും. ഓരോ ദിവസം ഓരോ ട്രെൻഡുകളാണ് ഉണ്ടാകുന്നത്. ആ ട്രെൻഡുകളുമായി ചേർന്ന് കഥ പറയുമ്പോൾ അത് പ്രേക്ഷകർക്ക് കൂടുതൽ കണക്ട് ആകും. എന്നാൽ മറ്റൊരു ഭാഷയിൽ സിനിമ ചെയ്യുമ്പോൾ അവിടത്തെ ട്രെൻഡ് എന്താണെന്ന് നമുക്ക് മനസിലാകില്ല. അങ്ങനെയുള്ളപ്പോൾ സ്ക്രിപ്റ്റിനെ മാത്രം ആശ്രയിച്ച് നമ്മൾ മുന്നോട്ട് പോകേണ്ടി വരും.തമിഴിൽ സിനിമ ചെയ്യുന്നത് ഒരു സ്ട്രെങ്ത് തന്നെയാണ്.
തെലുങ്ക് എനിക്ക് ഓക്കേ ആണ്. എന്നാൽ ഹിന്ദി ഒന്നും അറിയില്ല. തമിഴിൽ നിന്ന് അവർ ഇംഗ്ലീഷിലേക്കും പിന്നെ ഹിന്ദിയിലേക്കും സ്ക്രിപ്റ്റ് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാകില്ല. ഹിന്ദി സിനിമകൾ ചെയ്യുമ്പോൾ എനിക്ക് എന്തോ കുറവുള്ളത് പോലെ തോന്നാറുണ്ട്’, എ ആർ മുരുഗദോസ് പറഞ്ഞു. സിക്കന്ദർ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 141.15 കോടി സിനിമ നേടിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.