ജോളി എൽഎൽബി മൂന്ന് എന്ന സിനിമയുടെ ടീസറിനെ ചൊല്ലി പരാതി. സിനിമയിലൂടെ ജുഡീഷ്യറിയെ അപമാനിച്ചു എന്നാണ് പരാതി. നടൻമാരായ അക്ഷയ് കുമാറിനും അർഷാദ് വാർസിക്കും പൂനെയിലെ കോടതി നോട്ടീസ് അയച്ചു. ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 28ന് ഹാജരാകാനാണ് നോട്ടീസ്. അടുത്തമാസമാണ് ചിത്രം റിലീസ് ചെയ്യുന്നത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് സിനിമയുടെ ടീസർ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് അഭിഭാഷകർ കോടതിയെ സമീപിച്ചത്. പുനെയിലെ സിവിൽ കോടതിയെ ആണ് സമീപിച്ചത്.
ടീസറിൽ കോടതി രംഗങ്ങൾ കാണിച്ചിരുന്നു. ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിൽ കോടതി രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് അഭിഭാഷകരാണ് കോടതിയിൽ പരാതിയുമായി സമീപിച്ചത്. ജഡ്ജിയെ മോശം പരാമർശം ഉപയോഗിച്ച് വിശേഷിപ്പിച്ചതായും പരാതിയിൽ പറയുന്നു. ടീസറിൽ ഇത്തരം സംഭാഷണങ്ങൾ ഉണ്ടെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സ്റ്റാർ സ്റ്റുഡിയോ18 അവതരിപ്പിക്കുന്ന, സുഭാഷ് കപൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന, അലോക് ജെയിൻ, അജിത് അന്ധാരെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൗരഭ് ശുക്ല, ഹുമ ഖുറേഷി, അമൃത റാവു, ഗജ്‌രാജ് റാവു എന്നിവരും അഭിനയിക്കുന്നുണ്ട്.