മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘ അമ്മ ‘യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മോഹല്‍ലാല്‍. ‘അമ്മ’യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.പുതിയ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടിയും എത്തിയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിച്ചു.
വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും കൊണ്ട് സജീവമായ തിരഞ്ഞെടുപ്പിനൊടുവില്‍ ‘അമ്മ’യുടെ തലപ്പത്ത് ചരിത്രം കുറിച്ചുകൊണ്ടാണ് വനിതകള്‍ എത്തിയത്. വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവില്‍ ദേവനെ 27 വോട്ടിന് തോല്‍പ്പിച്ച് ശ്വേതാ മേനോന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. 57 വോട്ടിന് രവീന്ദ്രനെ തോല്‍പ്പിച്ചു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജയന് ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉണ്ണി ശിവപാലാണ് ട്രഷറര്‍. നാല് വനിതകള്‍ ഉള്‍പ്പെടെ പതിനൊന്ന് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പുതിയ അംഗങ്ങള്‍ക്ക് ദേവന് സത്യവാചകം ചൊല്ലിക്കൊടുത്തു. 506 അംഗങ്ങളില്‍ 296 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ളവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ്, അസിഫ് അലി, ഇന്ദ്രജിത്, നിവിന്‍ പോളി എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല.