ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ഹിന്ദിയിലെ സിനിമയുടെ തിയേറ്റര്‍ വിതരണാവകാശം പെൻ സ്റ്റുഡിയോസ് നേടിയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആര്‍ആര്‍ആര്‍, പൊന്നിയൻ സെല്‍വൻ, വിക്രം തുടങ്ങിയ സിനിമകള്‍ ഹിന്ദിയില്‍ എത്തിച്ച വിതരണക്കാരാണ് പെൻ സ്റ്റുഡിയോസ്. സിനിമ വിതരണത്തിന് എത്തിക്കാൻ ഒരുങ്ങുന്നത് ഹസൻ മീനു അസ്സോസിയേറ്റ്സ് ആണ്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ ട്രെയ്ലർ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.
റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം ‘ദളപതി’ സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.
ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.