മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയുന്ന ചിത്രത്തിന് MMMN എന്നായിരുന്നു താത്കാലികമായി നല്കിയ ടൈറ്റില്‍. ചിത്രത്തിന്റെ മൂന്ന് ഷെഡ്യൂളുകള്‍ അവസാനിച്ചിട്ടും ഒഫിഷ്യല്‍ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാൽ അടുത്തിടെ ചിത്രത്തിന്റെ ടൈറ്റില്‍ ശ്രീലങ്കന്‍ ടൂറിസത്തിന്റെ പേജ് എക്സിലൂടെ ലീക്കായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹന്‍ലാലിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ‘ടൂറിസം ശ്രീലങ്ക’ എന്ന ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പേട്രിയറ്റ്’ എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത ‘തെന്നിന്ത്യന്‍ ഇതിഹാസം’ മോഹന്‍ലാല്‍, ശ്രീലങ്കയെ ചിത്രീകരണത്തിന് അനുയോജ്യമായ ഒരു സ്ഥലമായി പ്രശംസിച്ചു,’ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.
സിനിമയുടെ പേര് ഇത് തന്നെയാണോ എന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഇപ്പോഴിതാ ശ്രീലങ്കന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. പാട്രിയറ്ഖറ് എന്ന പേര് തന്നെയാണ് മോഹന്‍ലാലും പറഞ്ഞത്. ‘രണ്ടാം തവണയാണ് ഈ സിനിമക്കായി ശ്രീലങ്കയിലേക്ക് വരുന്നത്. വളരെ വലിയൊരു സിനിമയാണിത്. വലുതെന്ന് പറയുമ്പോള്‍ അതിന്റെ സ്റ്റാര്‍ കാസ്റ്റാണ് ശ്രദ്ധിക്കേണ്ടത്. ശ്രീ മമ്മൂട്ടിയും ഞാനും മാത്രമല്ല, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവരും ഈ സിനിമയുടെ ഭാഗമാണ്. പേട്രിയറ്റ് എന്നാണ് സിനിമയുടെ പേര്,’ മോഹന്‍ലാല്‍ പറയുന്നു.
വീഡിയോ വൈറലായതോടെ ആകാംക്ഷയും നിരാശയും ഒരുപോലെ പങ്കുവെക്കുകയാണ് ആരാധകർ. വളരെ രഹസ്യമായി സൂക്ഷിച്ച സിനിമയുടെ പേര് ഇത്തരത്തിൽ പുറത്തായതില്‍ ഫാൻസ് വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. എന്നിരുന്നാലും സിനിമ വമ്പൻ ഹിറ്റാകട്ടെ എന്ന് പ്രശംസിക്കുന്നവരും കുറവല്ല. അതേസമയം, സിനിമയുടെ ചിത്രീകരണം ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.