‘ആസ കൂടെ’ പാട്ടിലൂടെ കാഴ്ചക്കാരുടെ പ്രിയതാരമായി മാറിയ പ്രീതി മുകുന്ദന് നായികയാകുന്ന ആദ്യ മലയാളചിത്രമാണ് മേനേ പ്യാര് കിയ. പ്രീതിയുടെ ജന്മദിനമായ ഇന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് ഈ പോസ്റ്ററിന് ലഭിക്കുന്നത്. മലയാളത്തിന് പുതിയ ഒരു നായിക കൂടി ലഭിക്കാന്‍ പോവുകയാണല്ലോ എന്നാണ് പലരുടെയും കമന്റ്. പ്രണയനായികയായി മാത്രമല്ല, അല്പം ആക്ഷനും കൂടിച്ചേര്‍ന്നായിരിക്കും പ്രീതിയുടെ മോളിവുഡ് എന്‍ട്രി എന്നാണ് ഇതുവരെ പുറത്തുവന്ന പോസ്റ്ററുകള്‍ നല്കുന്ന സൂചന.
തെലുങ്കില്‍ ഓം ഭീം ഭുഷ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പ്രീതി മുകുന്ദന് പിന്നീട് തമിഴില്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിലെത്തിയത്. കണ്ണപ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലും നടി കേന്ദ്ര കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചിരുന്നു. ഇതിനിടെ സായ് അഭ്യങ്കറും സായ് സ്മൃതിയും ചേര്‍ന്നൊരുക്കിയ ആസെ കൂട എന്ന ഗാനത്തിന്റെ വിഷ്വലില്‍ മനോഹരമായ നൃത്തച്ചുവടുകളോടെ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രീതി് ഇന്ത്യയിലെമ്പാടും ശ്രദ്ധ നേടുന്നത്.
അതേസമയം, സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര് കിയ’ ഓഗസ്റ്റ് 29 ന് ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്, അസ്കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.