ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നിരവധി സംവിധായകരുടെ പേരുകൾ ചർച്ചയിൽ വന്നു പോയെങ്കിലും നറുക്ക് വീണിരിക്കുന്നത് സംവിധായകൻ സുന്ദർ സിയ്ക്കാണ്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും. തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
‘ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു – തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം,’ എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചിരിക്കുന്നത്. നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. ‘ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്.
അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും ഇഷ്ടപ്പെടും. അല്ലെങ്കിൽ, ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങൾ രണ്ടുപേർക്കും കൂടി ഒരു ബിസ്‌ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. എന്നാൽ ആ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാൽ ഞങ്ങൾ ഒരുമിക്കും,’ എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞിരുന്നത്.അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. അതേസമയം, രജിനികാന്ത് സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുമെന്നും കമൽ ഹാസൻ അൻബറിവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.




